
വെനസ്വേലൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. അമേരിക്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കുറ്റവിചാരണ ചെയ്യാനുള്ള നടപടികൾക്ക് യു.എസ് തുടക്കം കുറിച്ചു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ന്യൂയോർക്കിലെത്തിച്ച ഇരുവരെയും കനത്ത സുരക്ഷയിലാണ് ജയിലിലേക്ക് മാറ്റിയത്.
ഡി.ഇ.എ ആസ്ഥാനം മുതൽ എം.ഡി.സി വരെ
ന്യൂയോർക്കിലെത്തിച്ച ഉടൻ മഡുറോയെയും ഭാര്യയെയും മാൻഹട്ടനിലെ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (DEA) ആസ്ഥാനത്താണ് എത്തിച്ചത്. പ്രാഥമിക നടപടികൾക്ക് ശേഷം ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് (MDC) മാറ്റി. ന്യൂയോർക്കിലെ ഏക ഫെഡറൽ ജയിലാണിത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയേക്കും.
മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ:
- മയക്കുമരുന്ന് ഭീകരത (Narco-terrorism)
- അന്താരാഷ്ട്ര കൊക്കെയ്ൻ കടത്ത്
- മാരകായുധങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കൽ
സമാധാനം വേണമെന്ന് ഇന്ത്യ
വെനസ്വേലയിലെ നാടകീയമായ നീക്കങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ നൽകുന്നതായും മന്ത്രാലയം അറിയിച്ചു. കാരക്കാസിലെ ഇന്ത്യൻ എംബസി അവിടെയുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
ഭരണം ഇനി ഡെൽസി റൊഡ്രിഗ്വസിന്
മഡുറോയുടെ അസാന്നിധ്യത്തിൽ ഭരണപ്രതിസന്ധി ഒഴിവാക്കാൻ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസിനെ (56) ആക്ടിംഗ് പ്രസിഡന്റായി വെനസ്വേലൻ സുപ്രീംകോടതി നിയമിച്ചു. മുൻ വിദേശകാര്യ മന്ത്രിയായ ഡെൽസി, പെട്രോളിയം വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്നുണ്ട്. മഡുറോയുടെ ഏറ്റവും അടുത്ത വിശ്വസ്തയായാണ് ഇവർ അറിയപ്പെടുന്നത്.











